കോഴികള്‍ നഗരങ്ങളിലേക്ക്

കോഴികള്‍ നഗരങ്ങളിലേക്ക് …

(ഡോ. ബി. അജിത്ബാബു
കോ-ഓര്‍ഡിനേറ്റര്‍ ഐശ്വര്യ പദ്ധതി കേരള വെറ്ററിനറി സര്‍വ്വകലാശാല വെറ്ററിനറി കോളേജ് മണ്ണുത്തി.പി.ഒ. തൃശ്ശൂര്‍ 680651)

image

കോഴിമുട്ടയുടേയും ഇറച്ചിയുടേയും ഉപഭോഗത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പന്തിയിലാണ്. 90% വും മാംസാഹാരപ്രിയരായ കേരളീയരുടെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യബോധവും ഇതിനു ബലമേകുന്നു. വന്‍ തോതില്‍ വ്യാവസായികോല്‍പ്പാദനം നടത്തുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ഏറ്റവും ശക്തമായ വിപണി കേരളമാണ് എന്നതു തന്നെ ഇതിനുള്ള പ്രത്യക്ഷ തെളിവ്. പ്രതിദിനം 80 ലക്ഷത്തോളം കോഴിമുട്ടയും 120 ടണ്‍ കോഴിയിറച്ചിയും അംഗീകൃത ചെക്‌പോസ്റ്റുകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്തേയ്‌ക്കെത്തുന്നു. ഇത് നമ്മുടെ ഉപഭോഗത്തിന്റെ മുക്കാല്‍ പങ്കോളം വരും. ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതയുമൊക്കെ സ്വപ്നം കാണുന്ന നമുക്ക് ഈ കണക്കുകള്‍ തികച്ചും അസ്വസ്ഥജനകമാണ്. എന്നാല്‍ ആസൂത്രിതമായ പദ്ധതികളിലൂടെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ രംഗത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനായത് പ്രതീക്ഷയുണര്‍ത്തുന്നു.

വന്‍ തോതിലുള്ള വ്യാവസായികോല്പാദനം സാധ്യമാകുന്നില്ല എന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഈര്‍പ്പം കൂടിയ കാലാവസ്ഥ, തീറ്റയടങ്ങുന്ന ഉല്പ്പാദനോപാധികളുടെ ഉയര്‍ന്ന വില, ദിനം പ്രതി ഉയര്‍ന്നു വരുന്ന ജനസാന്ദ്രതയും അതിനനുസരിച്ചു കുറയുന്ന സ്ഥലലഭ്യതയും, വര്‍ദ്ധിച്ച തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഈ പ്രതിസന്ധികള്‍ക്ക് കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമതല കൂട്ടായ്മകളിലൂടെ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ വ്യാപിപ്പിക്കുക എന്നതാണ് മുട്ടയുല്‍പാദനത്തിനായി നാം അവലംബിക്കുന്ന ബദല്‍ സംവിധാനം. നിരന്തര ഗവേഷണങ്ങളിലൂടെ കേരളത്തിലെ കാലാവസ്ഥക്കും അടുക്കള മുറ്റങ്ങള്‍ക്കുമിണങ്ങുന്ന ഗ്രാമശ്രീ, ഗ്രാമലക്ഷ്മി കോഴികളെ വെറ്ററിനറി സര്‍വ്വകലാശാലയുടെ പൗള്‍ട്രി ഉന്നത പഠന കേന്ദ്രം വികസിപ്പിച്ചെടുത്തത് ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ സംവിധാനങ്ങളുടേയുമൊക്കെ സഹകരണത്തോടെ ഇത് പ്രായോഗിക തലത്തിലെത്തിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ സര്‍ക്കാര്‍ ഫാമുകളിലൂടെയും അംഗീകൃത എഗ്ഗര്‍ നഴ്‌സറികള്‍ വഴിയും ഈ കോഴികളുടെ വ്യാപനം ഊര്‍ജ്ജിതമാക്കി വരുകയാണ്. ചുരുങ്ങിയ ചെലവില്‍ വീട്ടാവശ്യത്തിനുള്ള മുട്ട ഉല്‍പാദിപ്പിക്കുവാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വെറ്ററിനറി സര്‍വ്വകലാശാല നടത്തിയ തുടര്‍ പഠന ഗവേഷണങ്ങളിലൂടെ ഈ പദ്ധതികളുടെ പോരായമകള്‍ കെണ്ടത്തുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി കോഴികള്‍ക്ക് ഫാമില്‍ ലഭിക്കുന്ന ഉല്പ്പാദനം വീട്ടുമുറ്റങ്ങളില്‍ ഗണ്യമായി കുറയുന്നു എന്നതാണ് ഇതില്‍ പ്രധാനം. വര്‍ഷത്തില്‍ ശരാശരി 150 മുട്ടകള്‍ മാത്രമേ ഈ കോഴികളില്‍ നിന്നും ലഭിക്കുന്നുള്ളൂ. കൂടാതെ തുറന്നു വിട്ട് വളര്‍ത്തുന്ന രീതിയില്‍ നായ്ക്കളും കീരികളുമടങ്ങുന്ന ഇരപിടിയന്മാര്‍ മൂലം കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നതായും കെണ്ടത്തി. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ട് വീടുകളിലും സംസ്ഥാനത്തിനും മുട്ടയുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനാകുമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരള വെറ്ററിനറി സര്‍വ്വകലാശാല ‘ഐശ്വര്യ പദ്ധതി’ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ലക്ഷ്യങ്ങള്‍

ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള കോഴിയിനങ്ങളെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വീടുകളില്‍ വ്യാപിപ്പിക്കുക.
കോഴികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വീട്ടുകാരുടെ ജോലിഭാരവും കുറയ്ക്കുന്ന രീതിയിലുള്ള ഗാര്‍ഹിക കോഴിക്കൂടുകള്‍ പ്രചാരത്തില്‍ വരുത്തുക
കോഴി വളര്‍ത്തല്‍ ഒരു കൃഷി എന്നതിലുപരി ഒരു ഹോബി/ വിനോദമാക്കി മാറ്റുക
അടുക്കളാവശിഷ്ടങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുക
വീട്ടമ്മമാരുടെ ഒഴിവു സമയങ്ങള്‍ ഫലപ്രദമായും ഗുണപരമായും ഉപയോഗിക്കുക
ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന കുട്ടികളെ മാനസികോല്ലാസത്തിലൂടെ മൃഗക്ഷേമപദ്ധതികളില്‍ താല്‍പര്യം ഉള്ളവരാക്കുക.
ജൈവവള ലഭ്യതയിലൂടെ അടുക്കളത്തോട്ടം പദ്ധതി പരിപോഷിപ്പിക്കുക.
സവിശേഷതകള്‍

അതുല്യ കോഴികള്‍
ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയ്ക്ക് ദേശീയ അംഗീകാരം നേടിയിട്ടുള്ള അതുല്യ കോഴികള്‍ വര്‍ഷത്തില്‍ 303 മുട്ടകള്‍ ഇടാന്‍ ശേഷിയുള്ളവയാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്. വ്യാവസായിക ഫാമുകളെ ലക്ഷ്യമാക്കി കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള എ.ഐ.സി.ആര്‍.പി. ഓണ്‍ പൗള്‍ട്രി, മണ്ണുത്തി വിഭാഗമാണ് ഈ കോഴികളെ വികസിപ്പിച്ചിട്ടുള്ളത്. വ്യാവസായിക ഉല്‍പ്പാദനത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉെണ്ടന്നിരിക്കെ കേരളത്തിലെ വീടുകളില്‍ തന്നെ ഈ ഉല്‍പ്പാദന ക്ഷമതയുള്ള ഇനങ്ങളുടെ പ്രയോജനം ലഭിക്കുന്നതിനാണ് പുത്തന്‍ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ ഈ കോഴികളെ വിതരണം ചെയ്യുന്നത്. ശുഭ്രവര്‍ണ്ണമേനികൊണ്ട് ആരുടേയും മനം മയക്കുന്ന ഈ സുന്ദരിക്കോഴികള്‍ വീട്ടിലെ അരുമപക്ഷികള്‍ ആകുമെന്നതില്‍ തര്‍ക്കമില്ല.

ഗാര്‍ഹിക കോഴിക്കൂടുകള്‍
വെളിച്ചവും വായുസഞ്ചാരവും യഥേഷ്ടം ലഭിക്കാത്ത അശാസ്ത്രീയമായ പരമ്പരാഗത കൂടുകള്‍ മുട്ടയുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതോടൊപ്പം കോഴികള്‍ക്ക് തീറ്റയും വെള്ളവും യഥേഷ്ടം ലഭ്യമാകുന്നതിനുള്ള സൗകര്യവും കൂടുകളില്‍ ഉണ്ടാവേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പരമാവധി കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക കൂടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

തുരുമ്പെടുക്കാത്ത ജി ഐ കമ്പികള്‍ കൊണ്ടാണ് കൂട് നിര്‍മ്മിച്ചിട്ടുള്ളത്
തറനിരപ്പില്‍ നിന്നും രണ്ടടി ഉയരത്തില്‍ സ്റ്റാന്റിലാണ് കൂട് ഉറപ്പിച്ചിരിക്കുന്നത്.
തീറ്റ നല്‍കുന്നതിനുള്ള ഫീഡറും മുട്ട കൂടിനു പുറത്തുനിന്നും ശേഖരിക്കാവുന്ന എഗ്ഗ് ചാനലും സജ്ജീകരിച്ചിട്ടുണ്ട്.
ഒരാഴ്ചത്തേക്കുള്ള വെള്ളം ശേഖരിക്കാവുന്ന ടാങ്കും കോഴികള്‍ക്ക് സ്വന്തം ഇഷ്ടപ്രാരം വെള്ളം കുടിക്കുവാനുതകുന്ന ആട്ടോമാറ്റിക് നിപ്പിള്‍ സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതുമൂലം വെള്ളം പാഴായിപ്പോകുന്നതും തീറ്റയില്‍ ഈര്‍പ്പം കലര്‍ന്ന് പൂപ്പല്‍ ബാധ ഉണ്ടാകുന്നതും തടയാനാകും.
തീറ്റയും മുട്ടകളും അന്യപക്ഷികളും മൃഗങ്ങളും നശിപ്പിക്കുന്നത് തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നു.
കാഷ്ഠം തെറിച്ചു വീണ് പരിസരം മലിനമാകാതിരിക്കുവാനും ജൈവവളം ശേഖരിക്കുന്നതിനും പ്രത്യേക സംവിധാനം.
കൂടുകള്‍ യഥേഷ്ടം മാറ്റിവെയ്ക്കുന്നതിനായി ഭാരം നിജപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ വീടീന്റെ മട്ടുപ്പാവിലോ ഒഴിഞ്ഞ ഷെഡ്ഡുകളിലോ കൂട് വയ്ക്കാവുന്നതാണ്.
വീടിനോട് ചേര്‍ന്ന് കൂടു വയ്ക്കുമ്പോള്‍ ദുര്‍ഗന്ധമുാണ്ടകുന്നത് തടയാനായി അസിഡിഫയിംഗ് സ്‌പ്രേ തയ്യാറാക്കി നല്‍കുന്നു
അഞ്ചു കോഴികളെ പാര്‍പ്പിക്കാവുന്ന സ്ഥലസൗകര്യമുള്ള കൂടുകളാണ് നല്‍കുന്നത്.
പദ്ധതി വിവരണം
ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രാമ നഗര ഭേദമെന്യേ അതുല്യ കോഴികളെ വ്യാപിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ ഫ്‌ളാറ്റുകളില്‍ പോലും ഗാര്‍ഹിക കൂടുകള്‍ ഉപയോഗിച്ച് കോഴിവളര്‍ത്തല്‍ പ്രായോഗികമാക്കാന്‍ കഴിയും. ഉയര്‍ന്ന ഉല്‍പ്പാദനം സാധ്യമാകുന്നതിനാല്‍ മുട്ടയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനാകും. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചു അതുല്യ കോഴികളെയും (4 മാസം പ്രായമുള്ളത്) ഒരു ഗാര്‍ഹിക കൂടും സര്‍വ്വകലാശാല നല്‍കും. ഗുണനിലവാരമുള്ള കോഴിത്തീറ്റ നല്‍കിവളര്‍ത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 1500 മുട്ടകളെങ്കിലും ഒരു വീട്ടില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നു കണക്കാക്കപ്പെടുന്നു. യൂണിറ്റിനോടൊപ്പം 10 കിലോഗ്രാം കോഴിത്തീറ്റയും നല്‍കുന്നു. പ്രാദേശികമായി ലഭിക്കുന്ന മുട്ടക്കോഴിത്തീറ്റയാണ് കോഴികള്‍ക്ക് തുടര്‍ന്നു നല്‍കേണ്ടത്. കോഴികളുടെ പരിചരണത്തേയും സര്‍വ്വകലാശാലയുടെ സേവനങ്ങളേയും കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. കൂടില്‍ നിന്നും കാഷ്ഠം ശേഖരിക്കുന്നതിനുള്ള പി.വി.സി ഷീറ്റും ദുര്‍ഗന്ധം കുറയ്ക്കുന്നതിനുള്ള ‘അസിഡിഫയിംഗ് സ്‌പ്രേ’യും യൂണിറ്റിനോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

ഒരു ഐശ്വര്യ യൂണിറ്റിന് 3500 രൂപയാണ് സര്‍വ്വകലാശാല ഈടാക്കുന്നത്. വെയിലും മഴയുമേല്‍ക്കാതെ സുരക്ഷിതമാക്കുകയാണെങ്കില്‍ കൂടുകള്‍ക്ക് 8 വര്‍ഷമെങ്കിലും ഉപയോഗക്ഷമതയുണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു. എന്നാല്‍ ലാഭകരമായ ഉല്‍പ്പാദനത്തിനായി കോഴികളെ വര്‍ഷത്തിലൊരിക്കല്‍ മാറ്റേണ്ടതാണ്. ഇതിനായി സര്‍വ്വകലാശാല ക്രമീകരണമേര്‍പ്പെടുത്തും. മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനുള്ള നടപടികളുംസ്വീകരിക്കും.

ഒരു കുടുംബത്തിനാവശ്യമായതിനേക്കാള്‍ കൂടുതല്‍ മുട്ടകള്‍ ഉല്‍പ്പാദിക്കാനാകുമെന്നതിനാല്‍ അധിക മുട്ടകള്‍ സംഭരിച്ചു വില്‍പ്പന നടത്തി ചെറിയൊരളവില്‍ വരുമാനം നേടാനുമാകും. കൂടാതെ വീട്ടുവളപ്പില്‍ തന്നെ ജൈവവളം ലഭ്യമാകുന്നതോടെ പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമൊക്കെ പരിപാലിക്കാനാകുമെന്ന മെച്ചവുമുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ അടുക്കളമുറ്റങ്ങളില്‍ മാത്രമൊതുങ്ങുന്ന കോഴിവളര്‍ത്തലിനെ നഗരങ്ങളിലെ ഫ്‌ളാറ്റുകളിലുമെത്തിക്കുക എന്നതാണ് ഐശ്വര്യ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ഒരു കൃഷിയെന്നതിനപ്പുറം ഒരു ഹോബിയായി ഈ സംവിധാനത്തെ മാറ്റിയെടുക്കുന്നതോടെ വീടുകളിലെ കുട്ടികളുടെ അരുമപക്ഷികളായി അതുല്യ കോഴികള്‍ മാറുമെന്ന് പ്രതീക്ഷിക്കാം. വീടിനുള്ള മുട്ടകള്‍ വീട്ടുമുറ്റത്ത് ലഭ്യമാകുന്നതോടെ ഐശ്വര്യ പദ്ധതിയിലൂടെ വീടിനൈശ്വര്യവും നാടിനാരോഗ്യവും കൈവരുമെന്ന് കേരള വെറ്ററിനറി സര്‍വ്വകലാശാല ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ കോഴികള്‍ നഗരങ്ങളിലേക്ക് ചേക്കേറും.

ഐശ്വര്യ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുവാനാഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ 0487- 2370117 എന്ന നമ്പറില്‍ കേരള വെറ്ററിനറി സര്‍വ്വകലാശാലയുമായി

image

ബന്ധപ്പെടുക

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s