കോഴിക്കാഷ്ടം

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം വളമായി ഉപയോഗിക്കുന്നു. ചാക്കുകളില്‍ ലഭിക്കുന്ന കോഴിക്കാഷ്ടം അതു പോലെ നേരിട്ട് ഉപയോഗിക്കുകയാണ് മിക്ക കര്‍ഷകരും ചെയ്യുന്നത്. ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമന്നു മിക്കവര്‍ക്കും അറിയില്ല. കോഴിക്കാഷ്ടം എങ്ങിനെ മികച്ച ജൈവവളമാക്കി ഉപയോഗിക്കാമെന്നു നോക്കാം.

നേരിട്ട് ഉപയോഗിച്ചാലുള്ള പ്രശ്‌നങ്ങള്‍

കോഴിക്കാഷ്ടം നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. നല്ല പോലെ നനയ്ക്കുകയും വേണ്ടിവരും. നനച്ചില്ലെങ്കില്‍ ചെടികള്‍ ഉണങ്ങി പോവുകയും ചെയ്‌തേക്കാം. സംസ്‌കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളമൊഴിച്ചാല്‍ അന്നേരം മുതല്‍ തന്നെ ജൈവ പക്രിയ ആരംഭിക്കുകയും അതുവഴി ധാരാളം ചൂടു പുറത്തേക്കു വരികയും ചെയ്യും. ഇതിനാല്‍ Fermentation Process അപ്പോള്‍ മുതല്‍ തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കും. ആദ്യം ചൂടു കുറവായിരിക്കുമെങ്കിലും പതിയെ ചൂട് വര്‍ധിക്കും.

ശരിയായ ഉപയോഗ രീതി

45 മുതല്‍ 90 ദിവസം കൊണ്ടാണ് കോഴിക്കാഷ്ടം ശരിയായ ജൈവ വളമാകുന്നത്. ഇതിനാല്‍ നമ്മുടെ കൈയ്യിലുള്ള കോഴിവളം ജൈവവളമാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുകയാണ് ചെടിക്കു നല്ലത്. കോഴിക്കാഷ്ടം വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് പോലെയാക്കി വിതറുക. അതില്‍ 100 കിലോ കോഴിക്കാഷ്ടത്തിനു 30 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക. ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം. നന്നായി പുക ഉയരുന്നുവെങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപ്പെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളമായി മാറിയിട്ടുണ്ടാവും.

വളം എങ്ങിനെ ഉപയോഗിക്കാം

തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി അകലത്തില്‍ തണ്ടില്‍ തൊടാതെ മാത്രമേ ഇടാവൂ. അതിനു ശേഷം നന്നായി നനക്കുക. നേരിട്ട് ഉപയോഗിക്കുമ്പോള്‍ നല്‍കിയതിന്റെ 25 % മാത്രം മതി ജൈവ വളമാക്കി നല്‍കുമ്പോള്‍ ചെടിക്ക് ആവശ്യം. കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ടം ഇളക്കുമ്പോള്‍ വായയും മൂക്കും നനഞ്ഞ തുണികൊണ്ട് മൂടി കെട്ടണം. ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത്. ധാരാളം വെള്ളം ഒഴിക്കുകയും വേണം