എരുമ വളർത്തു രീതികൾ

 എരുമ വളർത്തു രീതികൾ

മൂന്ന് രീതിയിലാണ് എരുമകളെ വളര്‍ത്താറുള്ളത്.

തൊഴുത്തില്‍ പാര്‍പ്പിച്ച് തീറ്റ നല്‍കുന്ന സന്പ്രദായം. പച്ചപ്പുല്ലും വൈക്കോലും കാലിത്തീറ്റയും തൊഴുത്തില്‍ നല്‍കി വരുന്നരീതിയാണ് ഇത്. കൂടാതെ കാര്‍ഷിക ഉപോല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളും തീറ്റയായി കൊടുക്കുന്നു.

രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പാര്‍പ്പിക്കുകയും ദിവസേന 6–8 മണിക്കൂര്‍ നേരം മേയാന്‍ വിടുകയും ചെയ്യുന്ന സന്പ്രദായം.

പൂര്‍ണ്ണമായും മേയാന്‍ വിടുന്ന സന്പ്രദായം. ഭൂരഹിത എരുമവളര്‍ത്തുകാരാണ് ഈ രീതി അവലംബിക്കുന്നത്. കൃഷി സ്ഥലങ്ങളില്ലാത്തവര്‍ പാതയോരം, തുറസ്സായ സ്ഥലങ്ങള്‍, പുറന്പോക്ക് തടയണകള്‍ക്ക് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പച്ചപ്പുല്ല് ശേഖരിച്ച് എരുമകള്‍ക്ക് തീറ്റയായി നല്‍കുന്നു.

പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും എരുമകള്‍ക്ക് സമീകൃത കാലിത്തീറ്റ, പിണ്ണാക്ക്, തവിട് എന്നിവ നല്‍കി വളര്‍ത്തുന്നു. ദിവസേന 3–6 മണിക്കൂര്‍ നേരം മേയാന്‍ വേണ്ടി അഴിച്ചുവിടാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ എരുമകളെ വെള്ളത്തില്‍ വിടും. എരുമകളുടെ ചാണകം വളമായും ഇന്ധനമായും ഉപയോഗിക്കാം. ഉത്തര്യേയില്‍ എരുമച്ചാണകം ചെളിമണ്ണുമായി കൂട്ടിച്ചേര്‍ത്ത് ഭിത്തിയില്‍ തേക്കാന്‍ ഉപയോഗിക്കുന്നു. ഇന്ന് എരുമ വളര്‍ത്തല്‍ മുഖ്യ ഉപതൊഴില്‍ മാര്‍ഗമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

എരുമവളര്‍ത്തലില്‍ പരിചരണം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. വേനല്‍ക്കാലത്ത് ശുദ്ധമായ വെള്ളം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം. ചൂടു കൂടുതലുള്ള സമയങ്ങളില്‍ അവയെ വെള്ളത്തിലിറക്കണം. 

⁠⁠⁠


 ⁠⁠⁠തീറ്റയും തീറ്റക്രമവും

എരുമകള്‍ക്ക് നിലനില്‍പ്പിനായി 1.5–2 കി.ഗ്രാം സമീകൃതതീറ്റയും ഓരോ 2 കി.ഗ്രാം പാലിന് ഒരു കി.ഗ്രാം തീറ്റ എന്ന തോതിലും നല്‍കണം. എരുമ 6 മാസത്തിനു മേല്‍ ചെനയിലുള്ളതാണെങ്കില്‍ ഒരു കി.ഗ്രാം തീറ്റ കൂടുതലായി നല്‍കണം.

ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയാണെങ്കില്‍ ഒരു കി.ഗ്രാം പാലിന് 450 ഗ്രാം എന്ന തോതില്‍ നല്‍കേണ്ടിവരും. ആമാശയത്തിലെ ആദ്യത്തെ അറയായ റൂമനിലെ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവര്‍ത്തനത്തെ ചെറുക്കുന്നതിനാല്‍ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുന്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ എരുമയ്ക്ക് ലഭിക്കും. തീറ്റയോടൊപ്പം പരുഷാഹാരങ്ങളായി വയ്ക്കോല്‍, തീറ്റപ്പുല്ല്, എന്നിവയും നല്‍കണം. തീറ്റപ്പുല്ല് നല്‍കിയാല്‍ തീറ്റച്ചെലവ് കുറക്കാം. 1 കി.ഗ്രാം തീറ്റക്കു പകരമായി 10 കി.ഗ്രാം തീറ്റപ്പുല്ല് നല്‍കിയാല്‍ മതി.

കര്‍ഷകര്‍ തീറ്റയോടൊപ്പം നിലക്കടല പിണ്ണാക്ക്, തേങ്ങാപിണ്ണാക്ക് പരുത്തിക്കുരു, എള്ളിന്‍കുരു പിണ്ണാക്കുകള്‍ എന്നിവ നല്‍കാറുണ്ട്. കൂടാതെ അരി, തവിട്, എന്നിവയും നല്‍കാറുണ്ട്. ഇവ എരുമയുടെ ആവശ്യത്തിനനുസരിച്ച്, അതായത് 14—16% ദഹ്യപ്രോട്ടീന്‍ (ഉഇജ) 70% ആകെ ദഹ്യപോഷകങ്ങള്‍ (ഠഉച) എന്നിവ അടങ്ങിയ വിധത്തിലായിരിക്കണം.

വേനല്‍ക്കാലത്ത് പോഷകന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍ എ അടങ്ങിയ മീനെണ്ണ, വിറ്റാമിന്‍ ധാതുലവണ മിശ്രിതം എന്നിവ തീറ്റയില്‍ ചേര്‍ത്തു നല്‍കാം.

താഴെക്കൊടുത്തിരുക്കുന്ന ചേരുവകള്‍ കൂട്ടിച്ചര്‍ത്ത് എരുമകള്‍ക്ക് കുറഞ്ഞ ചെലവില്‍ കാലിത്തീറ്റ നിര്‍മ്മിക്കാവുന്നതാണ്. പരമാവധി കാര്‍ഷിക ഉപോല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളും കാലിത്തീറ്റ നിര്‍മ്മാണത്തിനു പയോഗിക്കാം.

മിശ്രിതം 1

നിലക്കടല പിണ്ണാക്ക് 30%

പുളിങ്കുരുപ്പൊടി 15%

ഉണക്കകപ്പ 30%

അരി തവിട് 22%

ധാതുലവണ മിശ്രിതം 2%

കറിയുപ്പ് 1%

മിശ്രിതം 2

നിലക്കടല പിണ്ണാക്ക് 22%

പരുത്തിക്കുരു 15%

ചോളം/അരി 25% 

പുളിങ്കുരുപ്പൊടി 15%

അരി തവിട് 22%

ധാതുലവണ മിശ്രിതം 2%

കറിയുപ്പ് 1%

ഉഴവു പോത്തുകള്‍ക്ക് ദിവസേന 2.5 കി.ഗ്രാം തീറ്റയും 5 കി.ഗ്രാം വൈക്കോലും യഥേഷ്ടം ശുദ്ധമായ വെള്ളവും കൊടുക്കണം.

എരുമവളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാന്‍ തീറ്റപുല്‍ കൃഷി വ്യാപകമാക്കണം. തെങ്ങിന്‍തോപ്പില്‍ ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്യാം. സംയോജിത കൃഷിയുടെ ഭാഗമായി തെങ്ങ്, എരുമവളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ എന്നിവ സമന്വയിപ്പിച്ച് കൃഷിചെയ്യുന്നത് ഈ മേഖലയില്‍ നിന്നും കൂടുതല്‍ ലാഭം പ്രദാനം ചെയ്യാന്‍ സഹായിക്കും.

പ്രജനനം

ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കിടാരികള്‍ 30–36 മാസം പ്രായത്തില്‍ പ്രായപൂര്‍ത്തിയെത്തും. ആദ്യപ്രസവം 40—48 മാസങ്ങള്‍ക്കുളളില്‍ നടക്കും. മദിചക്രം 18–24 ദിവസങ്ങളാണ്. മദി 18–24 മണിക്കൂര്‍ നീണ്ടു നില്‍ക്കും. പ്രസവിച്ച് 3–4 മാസത്തിനകം മദിലക്ഷണം കാണിക്കും. 2 പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15–18 മാസങ്ങളാണ്. ഇവയുടെ ഗര്‍ഭകാലം 300 ദിവസങ്ങളാണ്.

പാലുല്‍പ്പാദനത്തില്‍ കുറവ്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, അമര്‍ച്ച, ഈറ്റത്തില്‍ നിന്നും കൊഴുത്ത ദ്രാവകം പുറത്തേക്കു വരിക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. മദിലക്ഷണങ്ങള്‍ കണ്ട് 14–20 മണിക്കൂറിനകം കൃത്രിമ ബീജസങ്കലനം നടത്തണം.

എരുമകളില്‍ പ്രജനനത്തിനായി കൃത്രിമബീജസങ്കലനം പ്രാവര്‍ത്തികമാക്കി വരുന്നു. ഭ്രൂണമാറ്റ പ്രക്രിയ ഗവേഷകകേന്ദ്രങ്ങളില്‍ അവലംബിച്ചു വരുന്നുണ്ട്. ഇന്ത്യയില്‍ എരുമകളെ നാടന്‍ വിത്തുപോത്തുകളെ ഉപയോഗിച്ച് ഇണചേര്‍ക്കുന്ന പ്രക്രിയ വ്യാപകമായ തോതില്‍ നടത്തിവരുന്നു.

മദിലക്ഷണം കാണിക്കാന്‍ കാലതാമസം, പുറത്തുകാണാതിരിക്കല്‍, കുറഞ്ഞ മദിക്കാലയളവ്, വര്‍ഗഗുണമുള്ള വിത്തുപോത്തുകളുടെ അഭാവം, ജനനേന്ദ്രിയ രോഗങ്ങള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തന വൈകല്യം, രോഗങ്ങള്‍, ജന്മനാ ഉള്ള വൈകല്യങ്ങള്‍ എന്നിവ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കിടാരികളില്‍ ആദ്യപ്രസവം 36–40 മാസങ്ങള്‍ക്കുളളില്‍ നടക്കും. എന്നാല്‍ ഭൂരിഭാഗം എരുമകളിലും ആദ്യപ്രസവം 4-6 വയസ് പ്രായത്തിലാണ് നടക്കുന്നത്. പോഷകന്യൂനത, ഗുണ മേന്മ കുറഞ്ഞ തീറ്റ എന്നിവ ഇതിന് വഴിയൊരുക്കും. വേനല്‍ക്കാലത്താണ് വന്ധ്യതയുടെ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ജൂലായ് ഫെബ്രുവരി മാസങ്ങളില്‍ എരുമകളില്‍ ഗര്‍ഭധാരണത്തിന്‍റെ നിരക്ക് 80% ത്തിലധികമാണ്.

Advertisements