പ്രളയാനന്തര ജന്തുജന്യ രോഗങ്ങളും പ്രതിരോധ നടപടികളും

പ്രളയാനന്തര ജന്തുജന്യ രോഗങ്ങളും പ്രതിരോധ നടപടികളും

മനുഷ്യരിലെ സാംക്രമിക രോഗങ്ങളിൽ 60 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയായി വരുന്ന ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ദുരിതാശ്വാസത്തോളം തന്നെ പ്രാധാന്യമുള്ളതാണ്.

പ്രളയത്തിന്റെ തുടർച്ചയായി പ്രധാനമായും നാലു തരത്തിലാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരുന്നത്.
1. മുഗങ്ങളുടെ മൃതശരീരങ്ങളും വിസർജ്ജ്യങ്ങളും കൊണ്ട് മലിനമായ ജലസ്രോതസ്സുകളിൽ നിന്നുള്ള വെള്ളം കുടിക്കുന്നതു വഴി പകരുന്ന രോഗങ്ങൾ.
ഇവ പ്രധാനമായും E coli, Salmonella പോലുള്ള രോഗാണുക്കൾ ഉണ്ടാക്കുന്ന വയറിളക്ക രോഗങ്ങളാണ്.
പ്രതിരോധ നടപടികൾ: ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള ക്ലോറിനേഷൻ പോലുള്ള നടപടികൾ, നല്ലവണ്ണം തിളപ്പച്ച വെള്ളം മാത്രം കുടിക്കുക.

2. രോഗാണുക്കൾ കലർന്ന വെള്ളവുമായുള്ള സമ്പർക്കം മൂലം പകരുന്ന രോഗങ്ങൾ.
എലികളുടെയും, വളർത്തുമൃഗങ്ങളുടെയും മൂത്രം കലർന്ന വെള്ളത്തിൽ നിന്നും എലിപ്പനി പകരാനുള്ള സാധ്യതയുണ്ട്.

മൃഗ വിസർജ്ജ്യങ്ങൾ കലർന വെള്ളം ടെറ്റനസ് രോഗാണുക്കളുടെ സോഴ്സാണ്. മുറിവുകളിലൂടെ രോഗാണുബാധയ്ക്ക് സാധ്യതയുണ്ട്.
പ്രതിരോധ നടപടികൾ: പ്രതിരോധ നടപടികൾ: മലിനജലത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക.
ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ നീളമുള്ള ബൂട്ടും കയ്യുറയും ധരിക്കുക. എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിഷ്ക്കർഷിക്കുന്ന ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കുക. ടെറ്റനസിനെതിരെ ഫലപ്രദമായ ടെറ്റനസ് ടോക്സോയ്ഡ് വാക്സിൻ ലഭ്യമാണ്.

3. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളം മൂലം കൊതുകുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവു മുലം മൃഗങ്ങളിൽ നിന്ന് കൊതുകുകൾ വഴി പരക്കുന്ന രോഗങ്ങളും വർദ്ധിക്കാനിടയുണ്ട്.
പ്രതിരോധ നടപടികൾ: കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കുന്നതിന് Fumigation പോലുള്ള നടപടികൾ. കൊതുകുവലകൾ, mosquito repellants എന്നിവ ഉപയോഗിക്കുക.

4. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം മൂലം പകരുന്ന രോഗങ്ങൾ.
പ്രളയത്തിന്റെ തുടർച്ചയായുണ്ടാകുന്ന രോഗങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമുള്ള വിഭാഗമാണ് മൃഗങ്ങളെ വളർത്തുന്ന ആളുകൾ. മൃഗങ്ങൾക്കുണ്ടാകുന്ന ഫംഗസ് ബാധകൾ, വിര ബാധകൾ മുതൽ എലിപ്പനി, ബ്രൂസല്ലോസിസ് പോലുള്ള മാരകരോഗങ്ങൾ വരെ മനുഷ്യർക്ക് പകരാനിടയുണ്ട്. രോഗബാധിതമായ മൃഗങ്ങളുടെ മൂത്രത്തിൽ
മാസങ്ങളോളം എലിപ്പനി രോഗാണുക്കൾ ഉണ്ടാകാം എന്നതുകൊണ്ട് ദീർഘകാല മുൻകരുതലുകൾ ആവശ്യമാണ്.
പ്രതിരോധ നടപടികൾ:
ചിലയിനം വിരബാധകൾ മനുഷ്യരിലേക്ക് പകരാമെന്നു കൊണ്ട് ഡോക്ടറുടെ നിർദ്ദേശ പ്രകാരം നായ്ക്കൾക്ക് വിരമരുന്ന് നൽകുക. ഫംഗസ് രോഗബാധകൾക്കും അടിയന്തിരമായി ചികിത്സ നൽകുക.

രോഗബാധയുള്ള മൃഗങ്ങളുടെ വിസർജ്ജ്യവും ശരീര സ്രവങ്ങളും കൈകാര്യം ചെയ്യുമ്പോൾ നീളമുള്ള ബുട്ടും കയ്യുറകളും ധരിക്കുക. മൃഗങ്ങളുടെ പ്രസവശേഷം വരുന്ന ദ്രവങ്ങളും മറുപിള്ളയും കൈകാര്യം ചെയ്യുമ്പോൾ കട്ടിയുള്ള കയ്യുറകൾ ധരിക്കുക. ഗർഭമലസുന്നത്
എലിപ്പനി, ബ്രൂസല്ലോസിസ് പോലുള്ള രോഗങ്ങളുടെ ഭാഗമാകാം എന്നതുകൊണ്ട് വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക.

എലിപ്പനിയുടെ ലക്ഷണങ്ങൾ ( പശുക്കളിൽ ശക്തമായ പനി, വിശപ്പില്ലായ്മ, രക്തം കലർന്ന മൂത്രം, രക്തം കലർന്ന പാൽ, മഞ്ഞപ്പിത്തം, ഗർഭമലസൽ എന്നീ ലക്ഷണങ്ങളും, നായ്ക്കളിൽ പനി, ചർദ്ദി, രക്തം കലർന്ന മൂത്രം, കൺപോളകളിൽ ചുവപ്പ്, മോണയിൽ ചുവന്ന പാടുകൾ) കാണുകയാണെങ്കിൽ അടിയന്തിരമായി ചികിത്സ ലഭ്യമാക്കുക. മനുഷ്യരിലും പശുക്കളിലും ലഭ്യമല്ലെങ്കിലും നായ്ക്കളിൽ എലിപ്പനിക്കെതിരെ ഫലപ്രദമായ വാക്സിൻ ലഭ്യമാണ്.

Advertisements