കീറ്റോസിസ്

അത്യുൽപ്പാദനശേഷിയുള്ള കറവപ്പശുക്കളിൽ പ്രസവാനന്തരം കണ്ടുവരുന്ന ഉപാപചയ രോഗങ്ങളിൽ പ്രധാനമാണ് കീറ്റോസിസ് അഥവാ കീറ്റോൺ രോഗം. പാലുൽപ്പാദനം ക്രമേണ ഉയരുന്ന രണ്ടാഴ്ച മുതൽ രണ്ട് മാസം വരെയുള്ള കാലയളവിലാണ് രോഗസാധ്യത. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവും ഊർജ്ജ ലഭ്യതയും കുറയുന്നതാണ് കാരണം. ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതോടെ ശരീരത്തിൽ സംഭരിച്ച കൊഴുപ്പ് കരളിൽ എത്തിച്ച് വിഘടിപ്പിച്ച് ആവശ്യമായ ഊർജ്ജം കണ്ടെത്താൻ പശുക്കളുടെ ശരീരം ശ്രമിക്കും. ഇത് കീറ്റോൺ രോഗത്തിനും കരളിൽ കൊഴുപ്പടിയുന്നതിനും കരളിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതിനും വഴിവെക്കും.പ്രസവാനന്തരം പശുക്കൾ പ്രകടിപ്പിക്കുന്ന സ്വാഭാവിക തീറ്റ മടുപ്പും രോഗങ്ങളും കീറ്റോസിസിന് സാധ്യത കൂട്ടും. വിപണിയിൽ ലഭ്യമായ കാലിത്തീറ്റകളിൽ നിന്നുള്ള ഊർജ്ജ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. ഏത് പ്രായത്തിലുള്ള പശുക്കളെയും കീറ്റോസിസ് ബാധിക്കാമെങ്കിലും മൂന്നാമത്തെ കറവയ്ക്ക് മുകളിലുള്ളവയിലാണ് രോഗസാധ്യത കൂടുതൽ.പ്രസവാനന്തര മദി വൈകുന്നതിനും ആദ്യ കുത്തിവെപ്പിൽ തന്നെ ഗർഭധാരണം നടക്കാനുള്ള സാധ്യത കുറയുന്നതിനും പ്രസവങ്ങൾ തമ്മിലുള്ള ഇടവേള വർദ്ധിക്കുന്നതിനും കാരണമാവുന്നതിനാൽ ക്ഷീരകർഷകർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗങ്ങളിൽ മുഖ്യമാണ് കീറ്റോസിസ്.

പാലുൽപ്പാദനം കുറയുമെങ്കിലും മറ്റ് ലക്ഷണങ്ങൾ ഒന്നും പ്രകടമാവാത്ത വിധത്തിൽ നിശബ്ദ രൂപത്തിലും കീറ്റോസിസ് കാണാറുണ്ട്. രോഗലക്ഷണങ്ങളിലൂടെയും രക്തം, മൂത്രം, പാൽ എന്നിവ പരിശോധിച്ചും കൃത്യമായ രോഗനിർണ്ണയം നടത്താം.

കറവയുടെ അവസാന കാലത്തും വറ്റുകാലത്തും അമിത അളവിൽ സാന്ദ്രീകൃത തീറ്റകൾ നൽകി പശുക്കളെ തടിപ്പിക്കുന്നത് അടുത്ത കറവയിൽ കീറ്റോസിസിന് സാധ്യത കൂട്ടും. പശുക്കളെ ദിവസവും തൊഴുത്തിന് പുറത്തിറക്കി മതിയായ വ്യായാമം നൽകണം.

ശരീര സംരക്ഷണ റേഷന് പുറമെ ശരാശരി 4 % കൊഴുപ്പുള്ള ഓരോ ലിറ്റർ അധിക പാലിനും 400 ഗ്രാം വീതം ഊർജ്ജദായകങ്ങളും രുചികരവുമായ സാന്ദ്രീകൃതാഹാരം തീറ്റയിൽ ഉൾപ്പെടുത്തണം. അത്യുൽപാദന ശേഷിയുള്ള പശുക്കൾക്ക് ഉൽപാദനത്തിന്റെ ആദ്യതൊണ്ണൂറ് ദിവസങ്ങളിൽ അരിയും ഗോതമ്പും ചേർത്ത കഞ്ഞി, ചോളപ്പൊടി, മരച്ചീനിപ്പൊടി, പുളിങ്കുരുപ്പൊടി തുടങ്ങിയ ഉയർന്ന ഊർജ്ജ ലഭ്യതയും ദഹനശേഷിയുമുള്ള സാന്ദ്രീകൃത തീറ്റകൾ ഒരു കിലോഗ്രാം വരെ ദിവസേന നൽകാം.

അധിക സാന്ദ്രീകൃത തീറ്റ കാരണമായുണ്ടാവാനിടയുള്ള ആമാശയ അമ്ലത തടയാൻ 100 ഗ്രാം വരെ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം) തീറ്റയിൽ ഉൾപ്പെടുത്താം. ദഹനശേഷി ഉയർത്താൻ റൂമൻ പ്രോബയോട്ടിക് ഗുളികകൾ പ്രസവാനന്തരം നൽകാം.

വിപണിയിൽ ലഭ്യമായ നിക്കോട്ടിനിക്കാസിഡ്, സയനാകൊബാലമീൻ എന്നിവ അടങ്ങിയ ഗുളികകൾ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പ് മുതൽ പ്രസവശേഷം 12 ആഴ്ച വരെ നൽകുന്നത് കീറ്റോസിസ് തടയാൻ ഉചിതമാണ്. ജീവകം എ, ബി, നിയാസിൻ, കൊബാൾട്ട്, ഫോസ്ഫറസ്, അയഡിൻ, കോപ്പർ, മാംഗനീസ് എന്നിവ അടങ്ങിയ ചീലേറ്റഡ് ധാതുജീവക മിശ്രിതങ്ങൾ 30 മുതൽ 50 ഗ്രാം വരെ തീറ്റയിൽ ദിവസേന നൽകണം

ഉയർന്ന അളവിൽ യൂറിയ അടങ്ങിയ കാലിത്തീറ്റകളും, ബ്യൂട്ടറിക് അമ്ലമടങ്ങിയ സൈലേജ് തീറ്റകളും കീറ്റോസിസ് സാധ്യത ഉയർത്തുന്നതിനാൽ അത്തരം തീറ്റകൾ ഒഴിവാക്കുന്നതാണ് ഉത്തമം. അകിടുവീക്കം കീറ്റോസിസ് സാധ്യത ഉയർത്തും.

പ്രസവശേഷമുള്ള രണ്ട് മാസക്കാലയളവിൽ ഇടയ്ക്കിടെ പശുക്കളുടെ പാലോ, മൂത്രമോ കീറ്റോൺ പരിശോധനക്ക് വിധേയമാക്കിയാൽ രോഗം മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കഴിയും. രോഗബാധ കണ്ടെത്തിയാൽ ഉയർന്ന ഗാഢതയിലുള്ള ഗ്ലൂക്കോസ് ലായനി, സ്വയം ഗ്ലൂക്കോസ് നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ഗ്ലൂക്കോസ് പ്രേരക മരുന്നുകൾ എന്നിവ കുത്തിവെക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. പ്രൊപ്പലീൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ അടങ്ങിയ മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ നൽകുന്നതും ഊർജ്ജ ലഭ്യത ഉറപ്പുവരുത്താൻ സഹായിക്കും.

Advertisements