നവജാത കിടാവിന്റെ ആദ്യത്തെ പോഷണമാണ് കന്നിപ്പാൽ അഥവാ കൊളസ്ട്രം. കിടാവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉൽപ്പാദന ക്ഷമത കൈവരിക്കുന്നതിനും ആവശ്യമായ അളവിൽ കൃത്യസമയത്ത് കന്നിപ്പാൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ജനിച്ച് ഒരു മണിക്കൂർ വരെയുള്ള ഇടവേളയെ കിടാവിനെ സംബന്ധിച്ചിടത്തോളം ഗോൾഡൻ മണിക്കൂർ എന്നാണ് വിശേഷിപ്പിക്കുന്നത്. വളർച്ചയുടെ ആദ്യത്തെ മൂന്നു മാസത്തേയ്ക്ക് രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും കന്നിപ്പാൽ ഉപയുക്തമാണെന്നതാണ് അതിപ്രധാനമായ സംഗതി. അതേ സമയം കന്നിപ്പാൽ കുടിക്കാതെ വളരുന്ന കിടാങ്ങളിൽ രോഗബാധ കൂടുതലായി കാണപ്പെടുന്നുമുണ്ട്.

കന്നിപ്പാലിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നറിയപ്പെടുന്ന ആന്റിബോഡികളാണ് ഇത്തരത്തിലുള്ള രോഗ പ്രതിരോധശേഷി നൽകുന്നത്. കന്നിപ്പാലിൽ നിന്നും ഇവ ആഗികരണം ചെയ്യപ്പെടുന്നതിന് യാതൊരു വിധ പ്രവർത്തനമോ ഊർജ്ജമോ ആവശ്യമില്ല. അതു കൊണ്ടു തന്നെ ജനിച്ചയുടൻ കന്നിപ്പാൽ നൽകിയാൽ ഒരു നിഷ്ക്രിയ രോഗ പ്രതിരോധശേഷി കിടാങ്ങൾ ആർജ്ജിക്കുന്നു എന്നു പറയാം.

Advertisements

പ്രഥമശുശ്രൂഷ

അപ്രതീക്ഷിതമായി ഉണ്ടാവാനിടയുള്ള അപകടങ്ങളെ നേരിടുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനായും വീട്ടിലും ജോലിസ്ഥലത്തും വാഹനങ്ങളിലുമെല്ലാം അത്യാവശ്യം വേണ്ട മരുന്നുകളും മറ്റും ഉൾപ്പെടുത്തി ഫസ്റ്റ് എയ്ഡ് ബോക്സുകൾ/ പ്രഥമശുശ്രൂഷാ പെട്ടികൾ എന്നിവയെല്ലാം ഒരുക്കിവെക്കുന്നവരാണ് നമ്മളിൽ ഏറെയും. അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ അപകടം ഒഴിവാക്കാനും ജീവൻ രക്ഷപ്പെടുത്താനും ഫസ്റ്റ് എയ്ഡ് ബോക്സുകൾ സഹായിക്കും.
മനുഷ്യരിലെന്ന പോലെ വീട്ടിലെ വളർത്തുമൃഗങ്ങൾക്കും അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്. മുറിവുകൾ, വിഷബാധ, വയർ പെരിപ്പം(ബ്ലോട്ട്), വയർ സ്തംഭനം എന്നിങ്ങനെ ആകസ്മിക അപകടങ്ങളുടെ പട്ടിക നീണ്ടതാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായും മൃഗങ്ങളുടെ ജീവൻ രക്ഷിക്കാനും വളർത്തുമൃഗങ്ങൾക്കായി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് ഒരുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? മൃഗങ്ങളുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തെല്ലാം ഉൾപ്പെടുത്താമെന്ന് നോക്കാം.

മുറിവുകളുടെ പ്രഥമ ശുശ്രൂഷകൾക്കായ് കോട്ടണും വീതി കൂടിയ ബാൻഡേജ് തുണിയും അയഡിൻ ഓയിന്റ്മെന്റും ലായനിയും എപ്പോഴും കരുതണം. മുറിവുകൾ അണുവിമുക്തമാക്കുന്നതിനായി പോവിഡോൺ അയഡിൻ, ടിങ്ചർ അയഡിൻ, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് സൂക്ഷിച്ച് വെക്കണം. മുറിവുകൾ അണുവിമുക്തമാക്കിയ ശേഷം മുകളിൽ വിതറുന്നതിനായി സൾഫണൈമൈഡ്, നിയോസ്പോറിൻ മുതലായ ആന്റിബയോട്ടിക് പൊടികൾ സൂക്ഷിച്ച് വെക്കാം.

പഴകിയ വ്രണങ്ങൾ വൃത്തിയാക്കുന്നതിനായി അക്രിഫ്ളാവിൻ പൊടിയുടെ ലായനി ഉത്തമമാണ്. ആഴമുള്ള മുറിവുകൾ വൃത്തിയാക്കി മഗ്നീഷ്യം സൾഫേറ്റും (ഭേദി ഉപ്പ്) ഗ്ലിസറിനും ചേർത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാൽ മുറിവുണക്കം വേഗത്തിലാവും. ഈ മിശ്രിതത്തിൽ മുക്കിയ തിരി മുറിവിൽ നിറച്ച് കെട്ടിയാലും മതിയാവും. കുളമ്പിലും കൈകാലുകളുടെ അഗ്രഭാഗങ്ങളിലും ഉണ്ടാകുന്ന മുറിവുകളിൽ 10% ഫോർമാലിൻ ലായനി ധാര കോരുന്നതും/മുക്കിവെക്കുന്നതും മുറിവുണക്കുന്നതിന് സഹായിക്കും.

മുറിവുകളിലും, ചെറുപോറലുകളിലും ഈച്ചകൾ മുട്ടയിട്ട് പെരുകി വലിയ വ്രണമായി തീരുന്നത് തടയാൻ ഈച്ചകളെ അകറ്റുന്ന ലേപനങ്ങൾ ഫസ്റ്റ് എയ്ഡ് ബോക്സിൽ സൂക്ഷിക്കണം. ലോറേക്സെയ്ൻ, ഹൈമാക്സ്, ഡി.മാഗ്, ടോപ്പികൂർ, സ്കാവോൺ തുടങ്ങിയ വിവിധ മരുന്നുകൾ ലഭ്യമാണ്. ഈച്ചകളെ അകറ്റാൻ വേപ്പെണ്ണയും ഉപയോഗിക്കാം.

മുറിവുകളിൽ നിന്നും പുഴുക്കളെ നീക്കം ചെയ്യാനുള്ള യൂക്കാലിപ്റ്റസ് തൈലവും ഒരൽപ്പം എപ്പോഴും കരുതണം.
രക്തസ്രാവം നിയന്ത്രിക്കാൻ ടിങ്ചർ ബെൻസോയിൻ ലായനി ഏറെ പ്രയോജനകരമാണ്. കൊമ്പിന്റെ കട്ടിയുള്ള പുറം കവചം ഊരിപോയും കൊമ്പിന്റെ കുരുന്ന് ഒടിഞ്ഞുപോയും കൂർത്ത വസ്തുക്കളിൽ തട്ടിയും മുറിഞ്ഞും ഒക്കെയുണ്ടാകുന്ന മുറിവുകൾ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കി പഞ്ഞികൊണ്ട് പൊതിഞ്ഞ് ടിഞ്ചർ ബെൻസോയിൻ ഒഴിച്ചാൽ രക്തസ്രാവം കുറയും.

ശ്വാസതടസ്സവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളിൽ ടിങ്ചർ ബെൻസോയിൻ 5-8 തുള്ളി വീതം അരലിറ്റർ തിളപ്പിച്ച ജലത്തിൽ ചേർത്ത് പശുവിനെ ആവി പിടിപ്പിക്കുകയും ചെയ്യാം. മുറിവുകളിൽ അണുനാശിനിയായും ടിങ്ചർ ബെൻസോയിൻ പ്രയോജനപ്പെടുത്താം.

രക്തക്കുഴലുകൾ മുറിഞ്ഞഭാഗം സ്വാഭാവികമായി അടഞ്ഞ് രക്തം കട്ടിയാവുന്നതിനെ സഹായിക്കുന്നതിനായി ടൂർണിക്കെ കെട്ടാറുണ്ട്. രക്തമൊഴുക്ക് തടയാൻ മുറിവിന് മുകളിലായി ഒരു ചരടും റബ്ബർക്കുഴലും/കമ്പും ഉപയോഗിച്ച് കെട്ടുന്ന ഈ രീതി കർഷകർക്ക് എളുപ്പത്തിൽ പ്രയോഗിക്കാം. സിരകളിൽ നിന്നാണ് രക്തപ്രവാഹമെങ്കിൽ മുറിവിന് താഴെ ടൂർണിക്കെ കെട്ടണം. വാൽ, കൈകാലുകളിൽ നിന്നുള്ള മുറിവുകളിൽ രക്തസ്രാവം നിയന്ത്രിക്കാൻ ഇത് ഫലപ്രദമാണ്. അടിയന്തിരസാഹചര്യങ്ങളിൽ ടൂർണിക്കെ പ്രയോഗിക്കുന്നതിനായി ചരടും ബാൻഡേജ് തുണിയും ചെറിയ റബ്ബർക്കുഴലും കരുതി വെക്കണം.

അകിടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അയഡിൻ അടങ്ങിയ ടീറ്റ് ഡിപ്പിംങ് ലായനി, അകിടിലെ ചെറു പോറലിലും മുറിവിലും പുരട്ടാൻ ബോറിക് ആസിഡ് പൊടി, ഗ്ലിസറിൻ ദ്രാവകം എന്നിവയും കരുതിവെയ്ക്കണം. മുറിവുകളും അകിടും എല്ലാം കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു 100 ഗ്രാം എങ്കിലും നിർബന്ധമായും തൊഴുത്തിൽ സൂക്ഷിക്കണം. ക്ലോറിൻ ടാബ്ലറ്റുകൾ കരുതിവെച്ചാൽ അകിടുകളും, പാൽപ്പാത്രങ്ങളും കഴുകാനും ജലശുദ്ധീകരണത്തിനും ഉപയോഗിക്കാം.

ദഹനപ്രശ്നങ്ങൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ

പശുക്കളിൽ അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം തന്നെ സംഭവിക്കാനിടയുള്ള പ്രധാന രോഗാവസ്ഥകളിൽ ഒന്നാണ് ബ്ലോട്ട് അഥവാ വയർപെരുപ്പം. പയറുവർഗ്ഗച്ചെടികൾ, ഇളം പുല്ലുകൾ, പഴങ്ങൾ, പച്ചക്കറികൾ, കപ്പയില, റബ്ബറില തുടങ്ങിയ മാംസ്യം കൂടുതൽ അടങ്ങിയ തീറ്റകൾ അമിതമായി നൽകിയാൽ വയർ പെരിപ്പത്തിന് സാധ്യതയേറെയാണ്.

പെട്ടെന്ന് ദഹിക്കുന്ന തീറ്റകൾ അധിക അളവിൽ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നതും അവയുടെ പുറന്തള്ളൽ പ്രയാസകരമായി തീരുന്നതുമാണ് വയർ പെരിപ്പത്തിന് വഴിയൊരുക്കുന്നത്. ചിലപ്പോൾ വാതകങ്ങൾ റൂമനിലെ വാതകങ്ങളുമായി ചേർന്ന് പതഞ്ഞും വയർപെരുപ്പം (ഫ്രോത്തി ബ്ലോട്ട്) ഉണ്ടാവാറുണ്ട് . പയർ ചെടികളിലെ സാപോണിൻ എന്ന വിഷവസ്തുവാണ് ഇതിന് കാരണമാവുന്നത്. ഉടൻ ചികിത്സ തേടിയില്ലെങ്കിൽ ശ്വസന തടസ്സം നേരിട്ട് പശു മരണപ്പെടും.

ഇത്തരം സാഹചര്യമൊഴിവാക്കാൻ തൊഴുത്തിൽ അൽപ്പം ടർപെന്റയിൻ തൈലമോ, വിപണിയിൽ ലഭ്യമായ ബ്ലോട്ട് തടയുന്ന വാതകഹാരികളായ ആന്റിബ്ലോട്ട് മിശ്രിതങ്ങളോ ഒന്നോ രണ്ടോ കുപ്പി എപ്പോഴും കരുതിവെയ്ക്കണം.

ടർപെന്റയിൻ തൈലം

ഒരു ഔൺസ് വീതം അതേ അളവ് വെളിച്ചെണ്ണയിൽ ചേർത്ത് നൽകാം. ഗ്യാസ് ഓഫ്, ബ്ലോട്ടോസിൽ, ബ്ലോട്ടോറിഡ്, തൈറാൽ, അഫാനിൽ തുടങ്ങിയ വിവിധ പേരുകളിൽ ആന്റിബ്ലോട്ട് മിശ്രിതങ്ങൾ വിപണിയിൽ ലഭിക്കും.

ധാരാളം അന്നജമടങ്ങിയ തീറ്റകളായ കഞ്ഞിയും, ഭക്ഷണ അവശിഷ്ടങ്ങളും, പച്ചക്കറിയും അമിതമായി പശുക്കൾക്ക് നൽകിയാൽ വയറ്റിൽ ധാരാളമായി ലാക്ടിക് അമ്ലം ഉത്പാദിപ്പിക്കപ്പെടും. ആമാശയ അമ്ലത ഉയരുന്നതിനും ഉടൻ ചികിത്സ തേടിയില്ലെങ്കിൽ അമ്ലാംശം രക്തത്തിൽ കലരുന്നതിനും നിർജ്ജലീകരണത്തിനും ഇത് വഴിയൊരുക്കും. ലാക്റ്റിക് അസിഡോസിസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.

സത്വര ചികിത്സ ആവശ്യമുള്ള ഇത്തരം അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സഹായിക്കുന്ന അപ്പക്കാരം (സോഡിയം ബൈ കാർബണേറ്റ്), വിപണിയിൽ ലഭ്യമായ അമ്ലാംശത്തെ നിർവ്വീര്യമാക്കാൻ സഹായിക്കുന്ന മറ്റ് റുമൻ ബഫർ പൊടികൾ എന്നിവ ഒരു പാക്കറ്റ് എങ്കിലും തൊഴുത്തിൽ കരുതി വെക്കണം.

ബുഫ്സോൺ, എച്ച്.ബി. സ്ട്രോങ്ങ്, അസിബഫ് (കാത്സ്യം ചേർത്ത കടൽപ്പായലും യീസ്റ്റും അടങ്ങിയത്) തുടങ്ങിയ പേരുകളിൽ റൂമൻ ബഫറുകൾ ലഭ്യമാണ്. ആടിയുള്ള നടത്തം, വയർ പെരിപ്പം, മൂക്കിലൂടെ പച്ച നിറത്തിൽ ദ്രാവകം പുറത്തുവരൽ, രൂക്ഷഗന്ധത്തോടെ പച്ചകലർന്ന വയറിളക്കം, തീറ്റമടുപ്പ്, എഴുന്നേൽക്കാൻ കഴിയാത്തവിധം തറയിൽ കിടക്കൽ തുടങ്ങിയ ലാക്റ്റിക് അസിഡോസിസിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ 50-60 ഗ്രാം വീതം സോഡിയം ബൈ കാർബണേറ്റ്/അപ്പക്കാരം, മഗ്നീഷ്യം ഓക്സൈഡ് എന്നിവ നൽകാം. ഒപ്പം ഉടൻ ഡോക്ടറുടെ സഹായം തേടുകയും വേണം.

വയർസ്തംഭനം വന്നാൽ പശുക്കൾക്ക് നൽകുന്നതിനായി മികച്ച ഒരു വിരേചകമായ മഗ്നീഷ്യം സൾഫേറ്റ്/ ഭേദിഉപ്പ് പൊടി കരുതിവെയ്ക്കാം. വയറിളക്കുന്നതിനായി പ്രതിദിനം 250-350 ഗ്രാം വരെ മഗ്നീഷ്യം സൾഫേറ്റ് പൊടി നൽകാം. ശരീരഭാഗങ്ങളിൽ നീരുവച്ച് വീർത്താൽ നീര് വലിയുന്നതിനായ് മഗ്നീഷ്യം സൾഫേറ്റ് ഗ്ലിസറിനിൽ ചാലിച്ച് പുരട്ടാവുന്നതുമാണ്.

ചെറിയ ദഹനക്കേടും, വയറിളക്കവും ഒക്കെ വന്നാൽ നൽകുന്നതിനായി വയറിളക്കം തടയുന്നതും ആമാശയ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതുമായ ഗുളികകൾ കരുതണം. എക്കോട്ടാസ്, പിബയോട്ടിക്സ്, ഡയറക്സ്, റുമാന്റാസ്, ഡയറോണിൽ, റുമിലാക്, റുമന്റോൺ തുടങ്ങിയ വിവിധ ഗുളികകളും ഹിമാലയൻ ബാറ്റിസ്റ്റ, റുചാമാക്സ്, റുമിജെസ്റ്റ് തുടങ്ങിയ വിവിധ പൊടികളും വിപണിയിൽ ലഭ്യമാണ്.
വിഷബാധകൾക്കെതിരെ കരുതൽ

റബ്ബറിലയും പച്ചമുളയും മരച്ചീനിയിലയും കഴിച്ചുണ്ടാകുന്ന വിഷബാധ ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ സാധാരണയാണ്. ഈ ചെടികളിലടങ്ങിയ ഹൈഡ്രോസയനിക്ക് അമ്ലമാണ് വില്ലൻ. ശ്വാസതടസ്സം, വയറുസ്തംഭനം, വിറയൽ, വയർ പെരുപ്പം, കൈകാലുകളുടെ തളർച്ച, കൈകാലുകൾ തറയിലിട്ടടിച്ച് മറിഞ്ഞ് വീഴൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തീവ്ര വിഷബാധയിൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും.

പ്രഥമ ശുശ്രൂഷയായി 100-200 ഗ്രാം സോഡിയം തയോസൾഫേറ്റ് (ഹൈപ്പോ)പൊടി വെള്ളത്തിൽ കലക്കി കുടിപ്പിക്കാം. ഒപ്പം ഡോക്ടറുടെ സേവനം തേടണം. റബ്ബർകൃഷിയുള്ള പ്രദേശങ്ങളിൽ പശു റബ്ബർ പാൽ അകത്താക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ പ്രഥമ ശുശ്രൂഷയായി 250-300 ഗ്രാം അപ്പക്കാരം കലക്കി പശുവിന് നൽകാം.

റബ്ബർ പാലിലും ഹൈഡ്രോസയനിക് വിഷാംശം ഉള്ളതിനാൽ ഹൈപ്പോലായനിയും നൽകേണ്ടി വരും. ആന തൊട്ടാവാടി കഴിച്ചുള്ള വിഷബാധയിലും ഹൈപ്പോ പൊടി നൽകാം റബ്ബർ, മരച്ചീനി കൃഷിയുള്ള പ്രദേശങ്ങളിലെ ക്ഷീരകർഷകർ ഈ ജീവൻരക്ഷാ പൊടികൾ ചുരുങ്ങിയത് അരക്കിലോയെങ്കിലും ഈർപ്പം കടക്കാതെ അടച്ച് വീട്ടിൽ സൂക്ഷിക്കണം.

ക്ഷീരസന്നി തടയാൻ

അത്യുത്പാദനശേഷിയുള്ള പശുക്കൾക്ക് പ്രസവാനന്തരം കാത്സ്യക്കമ്മിയുണ്ടാവാൻ സാധ്യതയേറെയാണ്. കാത്സ്യം കുറഞ്ഞുള്ള പ്രശ്നങ്ങൾ തടയുന്നതിനായി പശുവിന്റെ പ്രസവത്തോടനുബന്ധിച്ച് കാത്സ്യം ജെല്ലുകളും, ലായനികളും വാങ്ങി സൂക്ഷിക്കാം. പ്രസവത്തിന്റെ 24 മണിക്കൂർ മുമ്പ് മുതൽ പ്രസവശേഷമുള്ള 24 മണിക്കൂർ വരെയുള്ള 48 മണിക്കൂർ കാലയളവിൽ വിവിധ തവണകളായി കാത്സ്യം മരുന്നുകൾ (30-40 ഗ്രാം/ഡോസ്) നൽകാവുന്നതാണ്.

മരുന്നുകൾ മാത്രമല്ല, മൃഗങ്ങളിലെ ശരീര താപനിലയളക്കുന്നതിനായി ഒരു തെർമോ മീറ്റർ, അറ്റം വളഞ്ഞതും നേരെയുള്ളതുമായ സ്റ്റീൽ കത്രികകൾ, ചെറിയ കൊടിൽ (ഫോഴ്സെപ്സ്), ചെറിയ കത്തി, ടോർച്ച് ലൈറ്റ്, സോപ്പ്, കഴുകി ഉണക്കിയ തുണി, അകിട് വീക്കം മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന കാലിഫോർണിയ അകിട് വീക്ക നിർണയ കിറ്റ്, അമ്ലക്ഷാരനിലയെ പാലിനെ അടിസ്ഥാനമാക്കി അകിട് വീക്കം തിരിച്ചറിയാൻ സഹായിക്കുന്ന സ്ട്രിപ്പുകൾ എന്നിവയും തൊഴുത്തിൽ കരുതിവെയ്ക്കാം.

വലിയ ഫാമുകളാണെങ്കിൽ പശുക്കളുടെ പ്രസവ തടസ്സം സംഭവിച്ചാൽ ഉപയോഗിക്കുന്നതിനായി പ്രത്യേക കയറുകളും കൊളുത്തുകളും കരുതിവെക്കണം.

Nipah Virus in Animals

NIPAH VIRUS

The organism which causes Nipah Virus encephalitis is an RNA virus of the family Paramyxoviridae, genus Henipavirus. Nipah Virus infection, also known as Nipah Virus encephalitis, was first isolated and described in 1999. The name, Nipah, is derived from the village in Malaysia where the person from whom the virus was first isolated succumbed to the disease.

Nipah Virus is a zoonotic disease.
———————————————————
Transmission to humans in Malaysia and Singapore has almost always been from direct, contact with the excretions or secretions of infected pigs. Reports from outbreaks in Bangladesh suggest transmission from bats without an intermediate host by drinking raw palm sap contaminated with bat excrement. Human to human transmission of the disease was reported in last year outbreak in Kerala. So precautions are necessary for hospital workers caring for infected patients. Typically the human infection presents as an encephalitic syndrome marked by fever, headache, drowsiness, disorientation, mental confusion, coma, and potentially death.

Animals affected
——————————-

Pigs are the primary animal species affected by Nipah virus. Dogs, goats, cats, horses and possibly sheep can also be infected. The virus is thought to be maintained in nature by “flying foxes” (type of fruit bat), which show no signs of infection.

Transmission of disease in animals
————————————————————-
Pigs become infected through contact or ingestion (oral) of objects or materials contaminated by the urine, feces or saliva from infected (carrier) flying foxes. The virus can also spread between pigs by direct contact and by aerosol. Other animal species become infected by having contact with sick pigs or objects contaminated with the virus.

Symptoms in animals
————————————–
Most pigs develop a febrile respiratory disease with open-mouthed breathing and a characteristic loud, harsh cough. While the respiratory signs predominate, encephalitis has been described, particularly in sows and boars, with nervous signs including twitching, trembling, muscle fasciculation, spasms, muscle weakness, convulsions, and death. Sudden death can occur. Some animals, however, remain asymptomatic. In general, mortality (death due to the disease) is low except in piglets. However, morbidity (illness from the disease) is high in all age groups.
Natural infection of dogs with NiV causes a distemper-like syndrome with a high mortality (death) rate.

Prevention and control measures
———————————————————
Avoid feeding fruit that may have been contaminated with saliva or urine from fruit bats. Focus on immediate eradication by mass culling of infected and in-contact pigs and on antibody surveillance of high risk farms to prevent future outbreaks.

After culling, the burial sites are disinfected with chlorinated lime. It is also recommended to use sodium hypochlorite (bleach) to disinfect the contaminated areas and equipment. Other important control measures have been a ban on transporting pigs, a temporary ban on pig production in the regions affected. Education and use of personal protective equipment (PPE) by persons exposed to potentially infected pigs is highly recommended. One of the most important bio security measures for affected areas is to decrease the likelihood of the bat reservoir coming into contact with pig production facilities.

കീറ്റോസിസ്

അത്യുൽപ്പാദനശേഷിയുള്ള കറവപ്പശുക്കളിൽ പ്രസവാനന്തരം കണ്ടുവരുന്ന ഉപാപചയ രോഗങ്ങളിൽ പ്രധാനമാണ് കീറ്റോസിസ് അഥവാ കീറ്റോൺ രോഗം. പാലുൽപ്പാദനം ക്രമേണ ഉയരുന്ന രണ്ടാഴ്ച മുതൽ രണ്ട് മാസം വരെയുള്ള കാലയളവിലാണ് രോഗസാധ്യത. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവും ഊർജ്ജ ലഭ്യതയും കുറയുന്നതാണ് കാരണം. ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതോടെ ശരീരത്തിൽ സംഭരിച്ച കൊഴുപ്പ് കരളിൽ എത്തിച്ച് വിഘടിപ്പിച്ച് ആവശ്യമായ ഊർജ്ജം കണ്ടെത്താൻ പശുക്കളുടെ ശരീരം ശ്രമിക്കും. ഇത് കീറ്റോൺ രോഗത്തിനും കരളിൽ കൊഴുപ്പടിയുന്നതിനും കരളിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതിനും വഴിവെക്കും.പ്രസവാനന്തരം പശുക്കൾ പ്രകടിപ്പിക്കുന്ന സ്വാഭാവിക തീറ്റ മടുപ്പും രോഗങ്ങളും കീറ്റോസിസിന് സാധ്യത കൂട്ടും. വിപണിയിൽ ലഭ്യമായ കാലിത്തീറ്റകളിൽ നിന്നുള്ള ഊർജ്ജ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. ഏത് പ്രായത്തിലുള്ള പശുക്കളെയും കീറ്റോസിസ് ബാധിക്കാമെങ്കിലും മൂന്നാമത്തെ കറവയ്ക്ക് മുകളിലുള്ളവയിലാണ് രോഗസാധ്യത കൂടുതൽ.പ്രസവാനന്തര മദി വൈകുന്നതിനും ആദ്യ കുത്തിവെപ്പിൽ തന്നെ ഗർഭധാരണം നടക്കാനുള്ള സാധ്യത കുറയുന്നതിനും പ്രസവങ്ങൾ തമ്മിലുള്ള ഇടവേള വർദ്ധിക്കുന്നതിനും കാരണമാവുന്നതിനാൽ ക്ഷീരകർഷകർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗങ്ങളിൽ മുഖ്യമാണ് കീറ്റോസിസ്.

പാലുൽപ്പാദനം കുറയുമെങ്കിലും മറ്റ് ലക്ഷണങ്ങൾ ഒന്നും പ്രകടമാവാത്ത വിധത്തിൽ നിശബ്ദ രൂപത്തിലും കീറ്റോസിസ് കാണാറുണ്ട്. രോഗലക്ഷണങ്ങളിലൂടെയും രക്തം, മൂത്രം, പാൽ എന്നിവ പരിശോധിച്ചും കൃത്യമായ രോഗനിർണ്ണയം നടത്താം.

കറവയുടെ അവസാന കാലത്തും വറ്റുകാലത്തും അമിത അളവിൽ സാന്ദ്രീകൃത തീറ്റകൾ നൽകി പശുക്കളെ തടിപ്പിക്കുന്നത് അടുത്ത കറവയിൽ കീറ്റോസിസിന് സാധ്യത കൂട്ടും. പശുക്കളെ ദിവസവും തൊഴുത്തിന് പുറത്തിറക്കി മതിയായ വ്യായാമം നൽകണം.

ശരീര സംരക്ഷണ റേഷന് പുറമെ ശരാശരി 4 % കൊഴുപ്പുള്ള ഓരോ ലിറ്റർ അധിക പാലിനും 400 ഗ്രാം വീതം ഊർജ്ജദായകങ്ങളും രുചികരവുമായ സാന്ദ്രീകൃതാഹാരം തീറ്റയിൽ ഉൾപ്പെടുത്തണം. അത്യുൽപാദന ശേഷിയുള്ള പശുക്കൾക്ക് ഉൽപാദനത്തിന്റെ ആദ്യതൊണ്ണൂറ് ദിവസങ്ങളിൽ അരിയും ഗോതമ്പും ചേർത്ത കഞ്ഞി, ചോളപ്പൊടി, മരച്ചീനിപ്പൊടി, പുളിങ്കുരുപ്പൊടി തുടങ്ങിയ ഉയർന്ന ഊർജ്ജ ലഭ്യതയും ദഹനശേഷിയുമുള്ള സാന്ദ്രീകൃത തീറ്റകൾ ഒരു കിലോഗ്രാം വരെ ദിവസേന നൽകാം.

അധിക സാന്ദ്രീകൃത തീറ്റ കാരണമായുണ്ടാവാനിടയുള്ള ആമാശയ അമ്ലത തടയാൻ 100 ഗ്രാം വരെ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം) തീറ്റയിൽ ഉൾപ്പെടുത്താം. ദഹനശേഷി ഉയർത്താൻ റൂമൻ പ്രോബയോട്ടിക് ഗുളികകൾ പ്രസവാനന്തരം നൽകാം.

വിപണിയിൽ ലഭ്യമായ നിക്കോട്ടിനിക്കാസിഡ്, സയനാകൊബാലമീൻ എന്നിവ അടങ്ങിയ ഗുളികകൾ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പ് മുതൽ പ്രസവശേഷം 12 ആഴ്ച വരെ നൽകുന്നത് കീറ്റോസിസ് തടയാൻ ഉചിതമാണ്. ജീവകം എ, ബി, നിയാസിൻ, കൊബാൾട്ട്, ഫോസ്ഫറസ്, അയഡിൻ, കോപ്പർ, മാംഗനീസ് എന്നിവ അടങ്ങിയ ചീലേറ്റഡ് ധാതുജീവക മിശ്രിതങ്ങൾ 30 മുതൽ 50 ഗ്രാം വരെ തീറ്റയിൽ ദിവസേന നൽകണം

ഉയർന്ന അളവിൽ യൂറിയ അടങ്ങിയ കാലിത്തീറ്റകളും, ബ്യൂട്ടറിക് അമ്ലമടങ്ങിയ സൈലേജ് തീറ്റകളും കീറ്റോസിസ് സാധ്യത ഉയർത്തുന്നതിനാൽ അത്തരം തീറ്റകൾ ഒഴിവാക്കുന്നതാണ് ഉത്തമം. അകിടുവീക്കം കീറ്റോസിസ് സാധ്യത ഉയർത്തും.

പ്രസവശേഷമുള്ള രണ്ട് മാസക്കാലയളവിൽ ഇടയ്ക്കിടെ പശുക്കളുടെ പാലോ, മൂത്രമോ കീറ്റോൺ പരിശോധനക്ക് വിധേയമാക്കിയാൽ രോഗം മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കഴിയും. രോഗബാധ കണ്ടെത്തിയാൽ ഉയർന്ന ഗാഢതയിലുള്ള ഗ്ലൂക്കോസ് ലായനി, സ്വയം ഗ്ലൂക്കോസ് നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ഗ്ലൂക്കോസ് പ്രേരക മരുന്നുകൾ എന്നിവ കുത്തിവെക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. പ്രൊപ്പലീൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ അടങ്ങിയ മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ നൽകുന്നതും ഊർജ്ജ ലഭ്യത ഉറപ്പുവരുത്താൻ സഹായിക്കും.

കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ‘ഗോ സമൃദ്ധി പ്ലസ്

സംസ്ഥാനത്ത് കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ‘ഗോ സമൃദ്ധി പ്ലസ് ‘പദ്ധതിക്ക് തുടക്കമായി. സര്‍ക്കാര്‍ സബ്സിഡിയോടെ കുറഞ്ഞ പ്രീമിയം നിരക്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഒരു വർഷം, മൂന്ന് വർഷം എന്നീ കാലയളവുകളിലേക്ക് പദ്ധതി പ്രകാരം ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാണ്. ഒരു വർഷത്തേക്ക് കന്നുകാലി വിലയുടെ 2.8%വും മൂന്നു വർഷത്തേക്ക് 6.54%വും പ്രീമിയം തുക അടച്ചാല്‍ മതി. ജനറൽ വിഭാഗത്തിന് പ്രീമിയം തുകയുടെ 50%വും എസ്.സി/എസ്.ടി വിഭാഗത്തിന് 70%വും സബ് സിഡി നൽകും. ജനറൽ വിഭാഗത്തിന് അൻപതിനായിരം രൂപ വിലയുള്ള പശുവിന് ഒരു വർഷത്തേക്കായി 700 രൂപയും മൂന്നുവർഷത്തേക്കായി 1635 രൂപയും പ്രീമിയം നൽകിയാൽ മതി. എസ്.സി/എസ്.ടി വിഭാഗത്തിന് ഇതേ നിരക്കിൽ യഥാക്രമം 420 രൂപയും 981 രൂപയും പ്രീമിയമായി നൽകണം. അൻപതിനായിരം രൂപയിൽ കൂടുതൽ വിലയുളള പശുവിന് അഡീഷണൽ പോളിസി സൗകര്യവുമുണ്ട്.

പദ്ധതി അനുസരിച്ച് കർഷകനും 2 ലക്ഷം രൂപയുടെ അപകട മരണ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 42 രൂപയും മൂന്ന് വർഷത്തേക്ക് 114 രൂപയും മാത്രം കർഷകൻ ഇതിനായി നൽകിയാൽ മതി. മൃഗസംരക്ഷണ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പിലാക്കുക. സമയബന്ധിതമായി നഷ്ടപരിഹാര തുക (ക്ലെയിം) കർഷകന്റെ ബാങ്ക് എക്കൗണ്ടിലേക്ക് നൽകും. ക്ഷീരകർഷകരെ പൂർണ്ണമായും ‘ജിയോ മാപ്പിംഗ് ‘ ചെയ്യുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സംസ്ഥാന സർക്കാർ 5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

പ്രളയാനന്തര ജന്തുജന്യ രോഗങ്ങളും പ്രതിരോധ നടപടികളും

പ്രളയാനന്തര ജന്തുജന്യ രോഗങ്ങളും പ്രതിരോധ നടപടികളും

മനുഷ്യരിലെ സാംക്രമിക രോഗങ്ങളിൽ 60 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയായി വരുന്ന ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ദുരിതാശ്വാസത്തോളം തന്നെ പ്രാധാന്യമുള്ളതാണ്.

പ്രളയത്തിന്റെ തുടർച്ചയായി പ്രധാനമായും നാലു തരത്തിലാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരുന്നത്.
1. മുഗങ്ങളുടെ മൃതശരീരങ്ങളും വിസർജ്ജ്യങ്ങളും കൊണ്ട് മലിനമായ ജലസ്രോതസ്സുകളിൽ നിന്നുള്ള വെള്ളം കുടിക്കുന്നതു വഴി പകരുന്ന രോഗങ്ങൾ.
ഇവ പ്രധാനമായും E coli, Salmonella പോലുള്ള രോഗാണുക്കൾ ഉണ്ടാക്കുന്ന വയറിളക്ക രോഗങ്ങളാണ്.
പ്രതിരോധ നടപടികൾ: ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള ക്ലോറിനേഷൻ പോലുള്ള നടപടികൾ, നല്ലവണ്ണം തിളപ്പച്ച വെള്ളം മാത്രം കുടിക്കുക.

2. രോഗാണുക്കൾ കലർന്ന വെള്ളവുമായുള്ള സമ്പർക്കം മൂലം പകരുന്ന രോഗങ്ങൾ.
എലികളുടെയും, വളർത്തുമൃഗങ്ങളുടെയും മൂത്രം കലർന്ന വെള്ളത്തിൽ നിന്നും എലിപ്പനി പകരാനുള്ള സാധ്യതയുണ്ട്.

മൃഗ വിസർജ്ജ്യങ്ങൾ കലർന വെള്ളം ടെറ്റനസ് രോഗാണുക്കളുടെ സോഴ്സാണ്. മുറിവുകളിലൂടെ രോഗാണുബാധയ്ക്ക് സാധ്യതയുണ്ട്.
പ്രതിരോധ നടപടികൾ: പ്രതിരോധ നടപടികൾ: മലിനജലത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക.
ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ നീളമുള്ള ബൂട്ടും കയ്യുറയും ധരിക്കുക. എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിഷ്ക്കർഷിക്കുന്ന ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കുക. ടെറ്റനസിനെതിരെ ഫലപ്രദമായ ടെറ്റനസ് ടോക്സോയ്ഡ് വാക്സിൻ ലഭ്യമാണ്.

3. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളം മൂലം കൊതുകുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവു മുലം മൃഗങ്ങളിൽ നിന്ന് കൊതുകുകൾ വഴി പരക്കുന്ന രോഗങ്ങളും വർദ്ധിക്കാനിടയുണ്ട്.
പ്രതിരോധ നടപടികൾ: കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കുന്നതിന് Fumigation പോലുള്ള നടപടികൾ. കൊതുകുവലകൾ, mosquito repellants എന്നിവ ഉപയോഗിക്കുക.

4. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം മൂലം പകരുന്ന രോഗങ്ങൾ.
പ്രളയത്തിന്റെ തുടർച്ചയായുണ്ടാകുന്ന രോഗങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമുള്ള വിഭാഗമാണ് മൃഗങ്ങളെ വളർത്തുന്ന ആളുകൾ. മൃഗങ്ങൾക്കുണ്ടാകുന്ന ഫംഗസ് ബാധകൾ, വിര ബാധകൾ മുതൽ എലിപ്പനി, ബ്രൂസല്ലോസിസ് പോലുള്ള മാരകരോഗങ്ങൾ വരെ മനുഷ്യർക്ക് പകരാനിടയുണ്ട്. രോഗബാധിതമായ മൃഗങ്ങളുടെ മൂത്രത്തിൽ
മാസങ്ങളോളം എലിപ്പനി രോഗാണുക്കൾ ഉണ്ടാകാം എന്നതുകൊണ്ട് ദീർഘകാല മുൻകരുതലുകൾ ആവശ്യമാണ്.
പ്രതിരോധ നടപടികൾ:
ചിലയിനം വിരബാധകൾ മനുഷ്യരിലേക്ക് പകരാമെന്നു കൊണ്ട് ഡോക്ടറുടെ നിർദ്ദേശ പ്രകാരം നായ്ക്കൾക്ക് വിരമരുന്ന് നൽകുക. ഫംഗസ് രോഗബാധകൾക്കും അടിയന്തിരമായി ചികിത്സ നൽകുക.

രോഗബാധയുള്ള മൃഗങ്ങളുടെ വിസർജ്ജ്യവും ശരീര സ്രവങ്ങളും കൈകാര്യം ചെയ്യുമ്പോൾ നീളമുള്ള ബുട്ടും കയ്യുറകളും ധരിക്കുക. മൃഗങ്ങളുടെ പ്രസവശേഷം വരുന്ന ദ്രവങ്ങളും മറുപിള്ളയും കൈകാര്യം ചെയ്യുമ്പോൾ കട്ടിയുള്ള കയ്യുറകൾ ധരിക്കുക. ഗർഭമലസുന്നത്
എലിപ്പനി, ബ്രൂസല്ലോസിസ് പോലുള്ള രോഗങ്ങളുടെ ഭാഗമാകാം എന്നതുകൊണ്ട് വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക.

എലിപ്പനിയുടെ ലക്ഷണങ്ങൾ ( പശുക്കളിൽ ശക്തമായ പനി, വിശപ്പില്ലായ്മ, രക്തം കലർന്ന മൂത്രം, രക്തം കലർന്ന പാൽ, മഞ്ഞപ്പിത്തം, ഗർഭമലസൽ എന്നീ ലക്ഷണങ്ങളും, നായ്ക്കളിൽ പനി, ചർദ്ദി, രക്തം കലർന്ന മൂത്രം, കൺപോളകളിൽ ചുവപ്പ്, മോണയിൽ ചുവന്ന പാടുകൾ) കാണുകയാണെങ്കിൽ അടിയന്തിരമായി ചികിത്സ ലഭ്യമാക്കുക. മനുഷ്യരിലും പശുക്കളിലും ലഭ്യമല്ലെങ്കിലും നായ്ക്കളിൽ എലിപ്പനിക്കെതിരെ ഫലപ്രദമായ വാക്സിൻ ലഭ്യമാണ്.

ഡെയറി ഫാം തുടങ്ങാൻ ഉദ്ദേശ്യമുണ്ടോ???!!!🐄🐮

ഡെയറി ഫാം തുടങ്ങാൻ ഉദ്ദേശ്യമുണ്ടോ???!!!🐄🐮

ഒരുപാട് പേർ ചോദിക്കാറുണ്ട്… ഇപ്പോൾ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാൻ ആലോചനയുണ്ട്… എന്താണ് ചെയ്യേണ്ടത്….!!??🤔

അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്…. പറയുവാനും ഏറെയുണ്ട്… എങ്കിലും, വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ചേർക്കുന്നു…🤗

ഒരു സംരംഭം തുടങ്ങാൻ ആലോചിക്കുമ്പോൾ, അതിന്റെയൊപ്പം നില്ക്കാം, എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡെയറി ഫാം!!! നാട്ടിലൊരു ഡെയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്ന് സ്വപ്നം കാണരുത്… സാറ്റലൈറ്റ് ക്യാമറ ഫാമിൽ വച്ചാൽ പോലും രക്ഷയില്ല!! ഉടമസ്ഥൻ കൂടെയുണ്ടെങ്കിൽ മാത്രമേ അധികവും ഡെയറി ഫാം വിജയിക്കൂ!! വിശ്വസ്തരായ നോട്ടക്കാർ ഉണ്ടെങ്കിൽ പോലും, പണം മുടക്കിയ ആൾ ഇല്ലെങ്കിൽ, പണി കിട്ടും…!!!😇

സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകൾ, നിർമ്മാണ ചിലവുകൾ, ഡെയറി ഫാം അനുബന്ധിച്ചു നടത്താവുന്ന സംരംഭങ്ങൾ, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവർധനവ് തുടങ്ങിയ അനേകം കാര്യങ്ങൾ നന്നായി പഠിക്കേണ്ടതുണ്ട്….☺

കൃഷിയിടം രൂപകല്‍പന ചെയ്യുന്നത്, വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം.. വീട്,കാലിത്തൊഴുത്ത്, തീറ്റപുൽകൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്‌ നിർമ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജല സംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ളസംഭരണികള്‍, മത്സ്യകൃഷി, നെല്കൃഷി – ഹ്രസ്വകാല വിളകള്‍, പച്ചക്കറി കൃഷി, വാണിജ്യ വിളകൾ, പാല്‍ സംസ്കരണം, മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍, സംരംഭകര്‍ക്കുണ്ട്!!!😎

നാട്ടിൽ നന്നായി നടക്കുന്ന ഡെയറി ഫാമുകൾ സന്ദർശിക്കുക, അവർ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്… വിജയിച്ച ഫാമുകൾ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകൾ കൂടി പഠന വിധേയമാക്കുക… ഒപ്പം തന്നെ, ഡെയറിഫാം ലൈസൻസിംഗ് നടപടി ക്രമങ്ങൾ മനസിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക എന്നിവയും ചെയ്യുക. പശു വളർത്തലിലും, താല്പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്‌.. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്സൈറ്റ് വഴി, പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം!!!🤓

ഓരോ ഗ്രാമ പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഒരോ ബ്ളോക്ക് പഞ്ചായത്തുകളിൽ ഓരോ ക്ഷീരവികസന ഓഫീസും, പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡെയറിഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ, പദ്ധതികൾ നൽകി സഹായിക്കാൻ സാധിക്കുകയുള്ളൂ… ബാങ്ക് ലോൺ ആവശ്യമെങ്കിൽ, നബാർഡിന്റെ പദ്ധതികൾ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കിൽ അന്വേഷിക്കാം..🙂

സോഷ്യൽ മീഡിയ വഴിയും, കൃഷിയിലും പശുവളർത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകൾ, നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്… കിസാൻ കാൾ സെന്റർ മുതൽ വിവിധ ഏജൻസികളുടെ വെബ്‌സൈറ്റ്, ആപ്പിക്കേഷൻസ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ICT ടൂൾസ് പരമാവധി പ്രയോജനപ്പെടുത്തുക… ഒരു ചെറിയ അറിവ്, ചിലപ്പോൾ വലിയ ചിലവ്‌ ലാഭിച്ചേക്കാം!! കർഷകരുടെ whats up, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം!! ചിലവ്‌ കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും, ഒന്നിച്ചു ഓർഡർ ചെയ്തു എടുക്കാനൊക്കെ, ഇതു സഹായകരമാണ്..👳

വളരെ പ്രധാനപ്പെട്ട ഒരു കാര്യം, തീറ്റയാണ്… കാലിത്തീറ്റ, പുല്ല്, വൈക്കോൽ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനെക്കാൾ, മെച്ചമാണ്, ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിനു നൽകുന്നത്!! ആവശ്യമായ പോഷകങ്ങൾ പശുവിനു ലഭ്യമാക്കുന്ന രീതിയിൽ, വിപണിയിൽ ലഭ്യമായ ചിലവ്‌ കുറഞ്ഞ തീറ്റവസ്തുക്കൾ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം… TMR തീറ്റയും മറ്റും ഇതൊക്കെ തന്നെ!!🌾🌿

നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ!! ഒരു കാര്യം നന്നായി മനസ്സിൽ വയ്ക്കുക… മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ കേരളത്തിലെ ഒരു കർഷകനും, വിറ്റ് ഒഴിവാക്കില്ല!! പണത്തിനുള്ള ആവശ്യമോ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വിൽക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാവുന്നതാണ്.. വിശ്വസ്തരായവർ വഴി കേരളത്തിനു പുറത്തുനിന്നും പശുക്കളെ വാങ്ങാം… എവിടെനിന്ന് വാങ്ങിയാലും നിലവിൽ നൽകിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം… എത്ര പാൽ കിട്ടുമെന്ന് മാത്രം, ചോദിച്ചാൽ പോര!! കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം… നമ്മുടെ ഫാമിൽ നല്ല സംരക്ഷണം കൊടുത്തു വളർത്തി യെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു..!!🐮

പാലിന് വിപണി കണ്ടെത്താൻ എളുപ്പം തന്നെയാണ്. പാൽ കറന്നെടുത്ത ഉടനെ മികച്ചരീതിയിൽ, പാക്ക് ചെയ്ത് അല്ലെങ്കിൽ കുപ്പികളിലാക്കി, ഫാം ഫ്രഷ്മിൽക്ക് എന്ന പേരിൽ വിൽക്കാം.. നഗരപ്രദേശങ്ങളിൽ ഇതിന് വലിയ ഡിമാന്റ് തന്നെയുണ്ട്. തൈര്, സംഭാരം, നെയ്യ്, പനീർ, സിപ്-അപ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ആക്കുമ്പോൾ അധിക വില ലഭിക്കുകയും ചെയ്യും.🍼🍧

കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീര സഹകരണ സംഘങ്ങൾ മുഖേന പാൽ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്.. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉൾപ്പെടെയുള്ള തീറ്റ വസ്തുക്കൾ വാങ്ങുന്നതിനും, പാൽ വിപണനം നടത്തി കൃത്യമായ പാൽവില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു… വൈവിധ്യമാർന്ന പ്രവർത്തങ്ങൾ ചെയ്യുന്ന സംഘങ്ങൾ കൂടുതൽ നല്ലൊരു സാധ്യതയാണ്… പഞ്ചായത്തുകളുടെ, ‘പാലിന് ഇൻസെന്റീവ് ധനസഹായം’ ലഭിക്കുന്നതിന്, ക്ഷീരസംഘത്തിൽ നൽകുന്ന പാലിന്റെ അളവാണ് പരിഗണിക്കുക.. ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും…👷

ഫാം ടൂറിസം, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കിൽ, നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം ചെലവിടാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുവാൻ ആകും!! വിദേശികളെക്കാൾ ആഭ്യന്തര ടൂറിസ്റ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലും, തണുത്തകാറ്റും, നാടൻ ഭക്ഷണവും, ഏറുമാടവും, വയലേലകളും…. ഇതെല്ലാം ആസ്വദിച്ചു, ഒരു ‘ഏദൻ തോട്ടത്തിൽ’ താമസിച്ചു മടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്!!! ഒരു ഫാം തുടങ്ങുന്നത്, ഇങ്ങിനെയൊക്കെ രൂപം മാറാനും മതി!! വരുമാന സാധ്യത ഏറെയാണ്!!!🐐🐓

ചെറുപ്പക്കാരും പ്രവാസികളും, ഡെയറി ഫാം മേഖലയിലേക്കു ധാരാളമായി കടന്നു വരുന്നുണ്ട്… നാട്ടിൽ/വീട്ടിൽ തന്നെ സംരഭം തുടങ്ങാം, പാലിന് വില ഇടിഞ്ഞുപോകില്ല എന്ന വിശ്വാസം, സ്ഥിര വരുമാനം(ഒരു ലക്ഷം രൂപയിൽ അധികം മാസം പാൽ വില കിട്ടുന്ന കർഷകർ ഇവിടെയുണ്ട്), സംരഭം തുടങ്ങുന്ന ദിവസം മുതൽ വരുമാനം, താരതമ്യേന വൈദഗ്ദ്ധ്യം കുറഞ്ഞ മേഖല, എന്നിവയെല്ലാം ആകർഷിക്കുന്നവയാണ്!!
മറ്റ് ഏതു തൊഴിലിടങ്ങളെയും പോലെ, അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളമായി ഡെയറി ഫാം രംഗത്തു ജോലി ചെയ്തു വരുന്നു… മികച്ച യന്ത്രവൽക്കരണം നടത്തിയ ഫാമുകളിൽ, മനുഷികാധ്വാനം കുറവ് തന്നെ!!! 🚜

365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത്, എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ മറുവശമാണ്!!!തുടങ്ങിക്കഴിഞ്ഞാൽ ഒരു ദിവസം പോലും, ഡെയറി ഫാം നിർത്തി വെച്ചു, വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട!!! കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ ഇല്ലെങ്കിൽ, ഡെയറി ഫാം ലാഭകരമാക്കാനും കഴിയില്ല!! തീറ്റയിലും പരിചരണത്തിലും എപ്പോഴും ശ്രദ്ധ ഇല്ലെങ്കിൽ, ഫാം പൊളിഞ്ഞു പോകും!!😷

ഡെയറി ഫാമിലെ കമ്പ്യൂട്ടർ വൽക്കരണം, റോട്ടറി മിൽകിങ് പാർലർ, 30-35 ലിറ്ററിന് മുകളിൽ പാൽ ചുരത്തുന്ന പശുക്കൾ, ആട്ടോമാറ്റഡ് ആയ ഹൈ ടെക് ഡെയറി ഫാം, തുടങ്ങിയ സുന്ദര ഭാവനകൾ നല്ലതു തന്നെ!! എന്നാൽ ഇതെല്ലാം ആദ്യമേ തുടങ്ങി വച്ചു, ‘ദാസനും വിജയനും’ ആയി മാറാതിരുന്നാൽ ഭാഗ്യം!! ഫാമിലെ ഓരോ ചുവടുവയ്പ്പും, കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം!! ഒന്നുമറിയാതെ, വലിയ തുക മുടക്കി ഫാം ഓട്ടോമേഷൻ ചെയ്യുന്നവർ, മുടക്ക് മുതൽ പോലും കിട്ടാതെ വലയുന്നതും, മിക്കവാറും കാണുന്ന കാഴ്ചയാണ്!!!😛

ഡെയറി ഫാമിംഗ് രംഗത്തു അഭ്യസ്തവിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്!! സ്ഥിര വില കിട്ടുന്ന ഏക കാർഷികോൽപ്പന്നം പാൽ ആയതു തന്നെ കാരണം!! ഫ്രഷ് മിൽക്കിന്‌, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്‌. നാടൻ പശുവിൻ പാൽ ‘A2 മിൽക്ക്’ എന്ന ലേബലിൽ ഉയർന്ന വിലയ്ക്കും വിൽക്കാൻ കഴിയുന്നു… പാലിന്റെ ഉപഭോഗം അനുദിനം വർദ്ധിച്ചു വരുന്നു!! വമ്പൻ ബ്രാൻഡുകൾ വരെ മത്സര രംഗത്തുണ്ട്… ഓൺലൈനായുള്ള പാൽ, ഉൽപ്പന്ന വില്പനയ്ക്കും സാധ്യതയുണ്ട്!!!😱

അപ്പോൾ, പ്രിയ പ്രവാസികളെ…. മണലാരണ്യത്തിലെ ചൂടിലും, ശൈത്യരാജ്യങ്ങളിലെ തണുപ്പിലും ജോലി ചെയ്തു അധ്വാനിച്ചു സമ്പാദിച്ച പണമാണെങ്കിൽ, നന്നായി പഠിച്ചിട്ടു മാത്രം ഡെയറി ഫാമിംഗ് രംഗത്തു ഇറങ്ങുക!! നമ്മുടെ നാട്ടിൽ, ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറു വശത്തു പൂട്ടിപോകുന്നുമുണ്ട്…!!! ഒന്നോ രണ്ടോ പശുവിൽ ആരംഭിച്ചു, നല്ല കരുതലിൽ തുടങ്ങിയ ഫാമുകൾ തന്നെയാണ്, അധികവും വിജയിച്ചു നിൽക്കുന്നതും!!! ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തു കൂടുന്നവരെയും സൂക്ഷിക്കുക… നമ്മുടെ അറിവും ഇടപെടലും മാത്രമാണ്, ഡെയറി ഫാം വിജയിപ്പിക്കുക… തുടക്കം ചെറിയ രീതിയിൽ, കൃത്യതയോടെ ആവട്ടെ…ക്രമേണ വലിയ വിജയത്തിൽ, നമുക്ക് ചെന്നെത്താം!! ഡെയറി ഫാം തുടങ്ങുന്ന എല്ലാവർക്കും, ആശംസകൾ….😊